ആമുഖം

2018 കടന്നു പോകുമ്പോൾ കേരളീയര്‍ക്ക് മറക്കാനാകാത്ത ഒന്നാണ് പ്രളയം. പുഴകൾ നിറഞ്ഞുകവിഞ്ഞൊഴുകി ഈ നാടു മുഴുവൻ പരന്നു; പുഴവഴികൾ ഏതൊക്കെയെന്ന് നാം കണ്ടു. നികത്തപ്പെട്ട നിലങ്ങളും കൈയേറിയ ഇടങ്ങളും ഏവര്‍ക്കും മനസ്സിലായി. എന്നാൽ മഴ മാറിയതും പുഴവഴികൾ വീണ്ടും മെലിഞ്ഞു. വരള്‍ച്ചയാണ് ഇപ്പോൾ എങ്ങും കാണുന്നത്. ഇത്ര മഴ കിട്ടിയിട്ടും നമുക്ക് വെള്ളമില്ലാതാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ പുഴകൾ ഒരിക്കൽ വര്‍ഷം മുഴുവൻ 'ഒഴുകിയിരുന്നവയായിരുന്നു'. എന്നാൽ ഇന്ന് നമ്മുടെ മഴ കഴിഞ്ഞയുടൻ പുഴയിലെ ഓരോ നീര്‍ച്ചാലും അപ്രത്യക്ഷമാകുന്നു. ശുദ്ധജലത്തിന്റെ ഒഴുകുന്ന ഏകസ്രോതസ്സായ പുഴകളൊഴുകാതായാൽ നമ്മുടെ കുടിവെള്ളമാണ് ഇല്ലാതാകുക. ഒഴുക്ക് വീണ്ടെടുക്കാനായി ഒന്നിച്ചുനില്‍ക്കേണ്ടവരാണ് നമ്മള്‍. ഒഴുക്ക് നഷ്ടമായ നാള്‍വഴികളുടെ ചരിത്രം ചുരുങ്ങിയ വാക്കുകളിലിങ്ങനെ.

പുഴകൾ ജനിച്ചുവീഴുന്ന ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളിലെ സ്വാഭാവിക വനങ്ങൾ നഷ്ടമാകാൻ തുടങ്ങിയതാണ് മനുഷ്യന്റെ അനഭിലഷണീയമായ ഇടപെടലുകളുടെ തുടക്കം. മാത്രമല്ല, അണക്കെട്ടുകൾ, ഡൈവേര്‍ഷനുകൾ, മണല്‍ഖനനം, മലിനീകരണം, പ്രളയതടങ്ങളുടെ നികത്തൽ എന്നിവയെല്ലാം പുഴകളെ കൂടുതൽ ക്ഷീണിപ്പിക്കുകയായിരുന്നു.

 • പശ്ചിമഘട്ടമലനിരകളിലെ നിബിഡവനങ്ങളിൽ നിന്നും ചോലപ്പുല്‍മേടുകളിൽ നിന്നും ഉദ്ഭവിക്കുന്ന അസംഖ്യം നീര്‍ച്ചാലുകളാണ് ഓരോ പുഴയെയും പരിപോഷിപ്പിച്ചിരുന്നത്. 200 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 60 ശതമാനവും വനാവൃതമായിരുന്നു. ഇന്ന് പക്ഷേ നിബിഡവനങ്ങൾ നാലുശതമാനത്തോളം മാത്രമാണ്. അതോടെ പുഴ വേനലിലൊഴുകാതായി.
 • കാടില്ലാതായതിനൊപ്പം കരിങ്കല്‍ഖനനത്തിനായി പശ്ചിമഘട്ടത്തിന്റെ വലിയ ഭാഗങ്ങൾ തന്നെ ഇല്ലായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇടനാടന്‍കുന്നുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂവിനിയോഗത്തിലെ ഇത്തരം മാറ്റങ്ങളും പുഴകളെ കൂടുതൽ ക്ഷീണിപ്പിക്കുകയാണ്.
 • പുഴയ്ക്ക് കുറുകെ ഇരുവശത്തെയും മലകളെ ബന്ധിച്ച് നിര്‍മ്മിക്കുന്ന അണക്കെട്ടുകൾ സ്വാഭാവിക ജലപ്രവാഹത്തെ പൂര്‍ണ്ണമായി മാറ്റിമറിക്കുന്നു. അണക്കെട്ടുകൾക്ക് മുകളിൽ കിലോമീറ്ററുകളോളം നീളത്തിൽ ഒഴുകിയിരുന്ന പുഴ റിസര്‍വോയറിന്റെ 'ഭാഗമാകുന്നു. അണക്കെട്ടുകൾക്ക് താഴെ പുഴ പലപ്പോഴും ടണലുകളിലൂടെയും കനാലുകളിലൂടെയും ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പുകാരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഒഴുകുകയാണ്. ചില പുഴകള്‍/കൈവഴികൾ അണക്കെട്ടുകൾക്ക് കുറച്ചു താഴെയായി പുനര്‍ജനിക്കുമ്പോൾ മറ്റു ചിലത് പൂര്‍ണ്ണമായും ഇല്ലാതാകുന്നു.
 • മലയിറങ്ങി പുഴയിലൂടെ വരുന്ന മഴവെള്ളത്തിൽ ചെളിയും എക്കലും പാറപൊടിഞ്ഞുണ്ടാകുന്ന മണലും എല്ലാമുണ്ട്. ചെളിയെല്ലാം കഴുകിക്കളഞ്ഞ മണലിനെ പുഴ ഒഴുകുന്ന വഴിയിൽ പലയിടത്തായി വിതരണം ചെയ്യുന്നു. ഇതിലൊരുഭാഗം അഴിമുഖങ്ങളിലും കടലിലും എത്തിയിരുന്നു. ഇടനാട്ടിൽ ധാരാളമായുണ്ടായിരുന്ന മണപ്പുറങ്ങൾ നാട്ടിന്‍പുറങ്ങളിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളിലൊന്നായിരുന്നു. വെള്ളത്തെ അരിച്ച് ശുദ്ധീകരിച്ചും മത്സ്യങ്ങൾക്ക് മുട്ടയിട്ട് പ്രജനനം നടത്താനുള്ള കളമൊരുക്കിയും പുഴത്തീരങ്ങളെ ശക്തിപ്പെടുത്തിയും ഒഴുക്കിന്റെ വേഗം ക്രമീകരിച്ചും സമീപപ്രദേശങ്ങളിലെ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തിയും ഒട്ടേറെ ധര്‍മ്മങ്ങൾ പുഴമണൽ ചെയ്തിരുന്നു.
 • കെട്ടിടനിര്‍മ്മാണത്തിനുള്ള അസംസ്‌കൃതവസ്തുവായും നിലം നികത്താൻ എളുപ്പത്തിൽ ലഭിക്കുന്ന വിഭവമായും കണ്ട് നമ്മൾ പുഴമണൽ വ്യാപകമായി വാരിത്തുടങ്ങുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ നാലാം പാദത്തിലാണ്. 15-20 വര്‍ഷങ്ങൾ കൊണ്ടുതന്നെ ആയിരക്കണക്കിനു വര്‍ഷങ്ങൾ കൊണ്ടുണ്ടായ മണല്‍ശേഖരം മുഴുവൻ നമ്മൾ വാരിത്തീര്‍ത്തു. പുഴയിലെ ജലനിരപ്പ് നാലും അഞ്ചും മീറ്ററും അതിലധികവും താഴാൻ തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റാൻ തുടങ്ങി. പലയിടത്തും പുഴയുടെ അടിത്തട്ട് സമുദ്രനിരപ്പിനേക്കാൾ താഴെയായി. ഇത് കടലില്‍നിന്നുള്ള ഓരുവെള്ളം പുഴയിലേക്ക് കൂടുതൽ കൂടുതൽ കടന്നുവരാനിടയാക്കി.
 • ഒഴുക്കില്ലാതായ പുഴകളിൽ പലയിടങ്ങളിൽ നിന്നും മാലിന്യങ്ങളെത്തുകയാണ്. രാസവളങ്ങളും കീടനാശിനികളും വ്യാവസായിക മാലിന്യങ്ങളും നഗരമാലിന്യങ്ങളും നമ്മുടെ പുഴകളെ മാലിന്യവാഹികളായി മാറ്റിയിട്ട് കാലമേറെയായി. ലക്ഷക്കണക്കിന് നഗരവാസികൾ ലോകത്തെമ്പാടും കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നതോ ഒഴുക്കില്ലാത്ത, ശുദ്ധജലമില്ലാത്ത ഈ പുഴകളെയുമാണ്.

ഒഴുകുന്ന പുഴയ്‌ക്കേ ജീവനുള്ളൂ. ആ ഒഴുക്ക് മുകളിൽ മാത്രം ഉണ്ടായാൽ പോരാ. പല അടുക്കുകളിലായി പല വേഗങ്ങളിലായി പുഴ ഒഴുകണം. പൂര്‍ണ്ണമായും പുഴകളുടെ പ്രതാപകാലത്തേക്ക് നമുക്കിനി തിരിച്ചുപോകാനാകുമോ എന്നത് സംശയമാണ്. വര്‍ത്തമാനകാലത്തിന്റെ ആവശ്യമറിഞ്ഞ് തോടുകളുടെയടക്കം സംരക്ഷണം പുതുതലമുറ ഏറ്റെടുത്താൽ മാത്രമേ ഒഴുക്കുള്ള പുഴകളെ നമുക്ക് വീണ്ടെടുക്കാനാകൂ.

പുഴകളുടെ ഒഴുക്കിനായി അശ്രാന്തം പരിശ്രമിച്ച ഡോ. എ ലതയ്ക്കുള്ള ആദരമായി 'ഫ്രണ്ട്‌സ് ഓഫ് ലത' രണ്ട് മാസം നീണ്ടുനില്‍ക്കുന്ന 'ഒഴുകണം പുഴകള്‍' എന്ന സംസ്ഥാനതല ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. പുഴകൾ ഒഴുകേണ്ടതിന്റെ അനിവാര്യത പൊതുസമൂഹം ഉൾക്കൊള്ളുന്നതിനും ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുന്നതിനും ക്യാംപെയ്ൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം തന്നെ പുഴകളുടെ ഒഴുക്ക് തിരിച്ചുപിടിക്കാനുള്ള ജനകീയപ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

2019 ജനുവരി 22 മുതൽ ലോകജലദിനമായ മാര്‍ച്ച് 22 വരെയാണ് ക്യാംപെയ്ന്‍. പുഴത്തടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികൾ ക്യാംപെയ്‌ന്റെ ഭാഗമായി ഉണ്ടാകും. സെമിനാറുകൾ, ശില്പശാലകൾ, പ്രദര്‍ശനങ്ങൾ, പുഴനടത്തങ്ങൾ, പുഴയാത്രകൾ, പുഴയോരജൈവസംരക്ഷണപ്രവര്‍ത്തനങ്ങൾ, കലാ-സാംസ്‌കാരികപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ നടക്കേണ്ടതുണ്ട്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-പാരിസ്ഥിതികരംഗത്തെ നിരവധി സംഘടനകൾ ഇതിന്റെ ഭാഗമാകുന്നു. താങ്കളുമുണ്ടാകുമല്ലോ.

ചെയര്‍മാൻ :ഡോ.വി.എസ്.വിജയന്‍
ജനറൽ കണ്‍വീനര്‍ :സി.ആര്‍.നീലകണ്ഠൻ
ചീഫ് കോ-ഓഡിനേറ്റര്‍ :എസ്.പി. രവി.

പരിപാടികൾ

 • Ozhukanam Puzhakal February Events
  • പുഴയും വരയും നിറച്ചാര്‍ത്തും... ഫെബ്രുവരി 23ന്, തൊമ്മന്‍കൂത്തില്‍. തൊമ്മന്‍കുത്ത് പുഴയിലേക്ക് കാല്‍നടജാഥ, വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ ചിത്രരചനാ മത്സരങ്ങള്‍. ബന്ധങ്ങള്‍ക്ക് 9847260703/9446102071
  • പാട്ടും പുഴയും നിലാവും... പുഴയും മണലും കാക്കാന്‍ ഒരിക്കല്‍ ഉറങ്ങാതിരുന്ന അതേ ആറങ്ങാലി മണപ്പുറത്ത് പാടാനും പറയാനും നിലാവെട്ടത്തൊന്ന് ഒത്തുകൂടാം. ഫെബ്രുവരി 19 വൈകീട്ട് 6.30ന് ആറങ്ങാലി, മുരിങ്ങൂര്‍ ചാലക്കുടി. ബന്ധങ്ങള്‍ക്ക് 9847260703/8281503356
  • ഒഴുകണം കബനിയും കൈവഴികളും - കണ്‍വെന്‍ഷന്‍ - ഫെബ്രുവരി 16 ശനി ഉച്ചയ്ക്ക് 2.30ന് പടിഞ്ഞാറത്തറ സാംസ്കാരികനിലയത്തില്‍. സംഘാടനം: ബാണാസുര പ്രകൃതിസംരക്ഷണ സമിതി, വയനാട് പ്രകൃതിസംരക്ഷണ സമിതി, ചങ്ങാതിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ പടിഞ്ഞാറത്തറ. ഡോ.ടി.വി സജീവ്, എസ്.പി. രവി. സുമ വിഷ്ണുദാസ് തുടങ്ങിയവര്‍ സംസാരിക്കുന്നു. ബന്ധങ്ങള്‍ക്ക് - ബാദുഷ [8547590222], യു.സി.ഹുസൈന്‍ [9605013123]
  • GBBC ദേശീയ പക്ഷിനിരീക്ഷണോത്സവത്തിന്റെ ഭാഗമായി പാലയ്ക്കല്‍ കോള്‍പ്പാടത്ത് സുബിന്‍ മനക്കൊടി നയിക്കുന്ന പക്ഷിനടത്തം. കോള്‍ബേഡേഴ്സ്, നെസ്റ്റ് ഫൗണ്ടേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ സഹകരിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 6.30 AM
  • സ്‌കൂള്‍സ് ഫോര്‍ റിവര്‍ പരിപാടിയുടെ ഭാഗമായി ചാലക്കുടിപ്പുഴത്തടത്തില്‍ പുഴയോടനുബന്ധിച്ചുള്ള വിവിധ ആവാസവ്യവസ്ഥകളിലേക്ക് നിരീക്ഷണനടത്തങ്ങളും ജനുവരി 24 മുതല്‍ നടന്നുവരികയാണ്. സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പരിയാരം, കൊരട്ടി പഞ്ചായത്ത് എല്‍ പി സ്‌കൂള്‍, ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ ചാലക്കുടി, വിആര്‍ പുരം ഹൈസ്‌കൂള്‍ എന്നിവര്‍ ഇതുവരെ പങ്കെടുത്തു. മറ്റുള്ള സ്‌കൂളുകളും ഇനിയുള്ള ആവാസവ്യവസ്ഥാനിരീക്ഷണയാത്രകളില്‍ പങ്കെടുക്കും.
  • ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ പൊതുഇടങ്ങളില്‍ പ്രചരണാര്‍ത്ഥം ചുവര്‍ചിത്രരചനയും നടന്നുവരുന്നു. ഗണേശ് അഞ്ചല്‍, വിഷ്ണു എന്നീ കലാകാരന്മാരാണ് ചിത്രങ്ങള്‍ ഇപ്പോള്‍ വരയ്ക്കുന്നത്.
  • തിരുവനന്തപുരത്ത് വെള്ളായനി കായല്‍ ശുചീകരണയജ്ഞം സമാപിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടികളിലും ‘ഒഴുകണം പുഴകള്‍’ ക്യാംപെയ്ന്‍ പങ്കാളികളായി. ജലരേഖകള്‍ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള പാരിതോഷികങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും നദികളും ശുദ്ധജലതടാകങ്ങളും സംരക്ഷിക്കുമെന്ന് ജലസുരക്ഷാപ്രതിജ്ഞയെടുത്തു.
  • ലോകതണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് തൃശൂര്‍ ഫോറസ്ട്രി കോളേജില്‍ സെമിനാര്‍ നടന്നു. തണ്ണീര്‍ത്തടങ്ങളുടെ അവസ്ഥ, നമ്മുടെ തണ്ണീര്‍ത്തടങ്ങളിലെ ശുദ്ധജലമത്സ്യസമ്പത്ത്, മലിനീകരണം നിയന്ത്രിക്കുന്നതില്‍ കണ്ടല്‍ക്കാടുകളുടെ പങ്ക്, കാലാവസ്ഥാവ്യതിയാനവും തണ്ണീര്‍ത്തടങ്ങളും, തണ്ണീര്‍ത്തടങ്ങളും തുമ്പികളും എന്നീ വിഷയങ്ങളില്‍ വിവിധ വിദഗ്ദ്ധര്‍ അവതരണങ്ങള്‍ നടത്തി.
  • ലോകതണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് മധ്യകേരളത്തിലെ കോള്‍മേഖലയില്‍ കോള്‍മത്സ്യസര്‍വ്വേ നടന്നു. ഒഴുകണം പുഴകള്‍ ക്യാംപെയ്‌നും പങ്കാളികളായ സര്‍വ്വേ കോള്‍ ബേര്‍ഡേഴ്‌സ്, KUFOS, കോളേജ് ഓഫ് ഫോറസ്ട്രി എന്നിവരാണ് സംഘടിപ്പിച്ചത്. നിരവധി ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും പങ്കെടുത്ത സര്‍വ്വേയില്‍ 71 ഇനം മത്സ്യങ്ങളെയടക്കം 82 ഇനം ജലജീവികളെ രേഖപ്പെടുത്തി.
  • ‘ജലരേഖകള്‍’ എന്ന പെയിന്റിംഗ് മത്സരം യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്തെ വെങ്ങാനൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. ഫ്രണ്ട്‌സ് ഓഫ് ലത, ട്രീ വാക്ക്-തിരുവനന്തപുരം, ഇന്‍ഡസ് സൈക്ലിംഗ് എംബസ്സി, നീര്‍ത്തടാകം എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ വെള്ളായനി കായലിനു ചുറ്റുമുള്ള വിവിധ സ്‌കൂളുകളിലെ 100-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
  • ചാലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ ‘ഒഴുകുന്ന പുഴകള്‍’ ആദ്യപ്രദര്‍ശനം ചാലക്കുടി ടൗഹാളില്‍ വെച്ച് എം പി ശ്രീ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചാലക്കുടി പ്രദേശത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും 250-ലധികം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കണ്ടു.
  • "ഒഴുകണം പുഴകൾ " സംസ്ഥാന തല സംഘാടക സമിതി യോഗം നാളെ (27-01-2019 ഞായർ ) 3 മണിക്ക് ചാലക്കുടി ടൌൺ ഹാളിൽ.
  • ‘ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്‌ന്റെ ഉദ്ഘാടനം പ്രൊഫ. വി മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞയും നദീസംരക്ഷണപ്രവര്‍ത്തകയുമായ ഡോ. എ ലതയോടുള്ള ആദരപൂര്‍വ്വം സംസ്ഥാനത്തുടനീളം രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്‌ന്റെ ഉദ്ഘാടനം മീനച്ചില്‍ പുഴത്തടത്തിലെ പാലാ അല്‍ഫോണ്‍സാ കോളേജില്‍ വെച്ച് മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു.
  • Rivers Should Flow [Ozhukanam Puzhakal] - State Campaign Inauguration by Poet Prof. V. Madhusoodanan Nair on January 22nd in Meenachil River Basin at Alphonsa College, Pala

വാര്‍ത്തകളിലൂടെ

പത്രമാധ്യമങ്ങളിൽ വന്ന വാര്‍ത്തകളിലൂടെ..

Contact

എസ് പി രവി 9447518773
സി ആര്‍ നീലകണ്ഠൻ 9446496332
സബ്ന 9847260703